Wednesday, July 06, 2016

1096. ക്ലാസ് ഡയറി ഉപയോഗിച്ച് ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കാം


  1. ക്ലാസ് മുറിയിലെ അദ്ധ്യാപനത്തില്‍ ഏറ്റവും മുഖ്യ പങ്കുവഹിക്കുന്ന ഒരു ടൂള്‍ ആണ് ക്ലാസ് ഡയറി . ക്ലാസ് ടീച്ചര്‍ക്ക് ക്ലാസ് മുറിയിലെ അച്ചടക്കത്തിനും നിയന്ത്രണത്തിനും രക്ഷിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനും ഈ ഡയറി മുഖ്യ പങ്കു വഹിക്കുന്നു . എന്നാല്‍ കഷ്ടമെന്നു പറയട്ടെ പല അദ്ധ്യാപകരും ക്ലാസ് ഡയറിയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ല
  2. ക്ലാസിലെ മേശപ്പുറത്ത് വെക്കുന്ന ഒരു 200 പേജുള്ള ഒരു പുസ്തകത്തെ ലളിതമായി പ്പറഞ്ഞാല്‍ ക്ലാസ് ഡയറിയായി കണക്കാക്കാം . ക്ലാസ് ഡയറിയുടെ പുറത്ത് ക്ലാസ് , ഡിവിഷന്‍ , ക്ലാസ് ടിച്ചറുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . ഈ പുസ്തകത്തിന്റെ ഓരോ പേജിനും പേജ് നമ്പര്‍ ആവശ്യമാണ് .ഓരോ പേജിലും ഹെഡ്ഡിംഗ് ആയി അന്നേ ദിവസത്തെ തിയ്യതിയും ദിവസവും രേഖപ്പെടുത്തിയിരിക്കണം .
  3. സാധാരണ ഗതിയില്‍ ആദ്യത്തെ പിരീഡ് ഒരു ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ആയിരിക്കുമല്ലോ . അതിനാല്‍ തന്നെ ഈ തിയ്യതിയും ദിവസവും രേഖപ്പെടുത്തുന്ന ജോലി ക്ലാസ് ടീച്ചറുടേതാണ് . എങ്കിലും മിടുക്കരായ ക്ലാസ് ലീഡര്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ ഇക്കാര്യം ചെയ്യുവാന്‍ ക്ലാസ് ലീഡറേയും അനുവദിക്കാവുന്നതാ ണ് .തുടര്‍ന്ന് അന്നേ ദിവസം ക്ലാസില്‍ ആബ്സന്റ് ആയ കുട്ടികളുടെ പേര്‍ എഴുതേണ്ടതാണ് .
  4. വൈകി എത്തുന്ന കുട്ടികളുണ്ടെങ്കില്‍ അക്കാര്യവും ടീച്ചര്‍ക്ക് രേഖപ്പെടുത്താവുന്നതാണ് .
  5. തുടര്‍ന്ന് ഓരോ പിരീഡിലും വരുന്ന ടീച്ചര്‍ക്ക് ഏതെങ്കിലും കുട്ടികളെക്കുറിച്ചൂള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ് . ക്ലാസെടുക്കുമ്പോള്‍ വികൃതികാണിക്കുകയോ , ഹോം വര്‍ക്ക് ചെയ്യാതെ വരികയോ , പാഠപുസ്തകങ്ങള്‍ കൊണ്ടുവരാതെ വരികയോ , മറ്റ് പഠനോപകരണങ്ങള്‍ ( ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ ) കൊണ്ടുവരാതെ വരികയോ ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ് ആണെങ്കില്‍ വൈകി എത്തുകയോ ഒക്കെ ചെയ്യുന്നു ണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്താം . സമയമുണ്ടെങ്കില്‍ കുട്ടികളുടെ മികവും രേഖപ്പെടുത്താവുന്നതാണ്
  6. ഏതെങ്കിലും പിരീഡ് ടീച്ചര്‍ ഇല്ലെങ്കിലോ അഥവാ ടീച്ചര്‍ വൈകിവന്നാലോ ക്ലാസില്‍ അച്ചടക്ക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യവും ക്ലാസ് ലീഡര്‍ക്ക് ഡയറിയില്‍ രേഖപ്പെടുത്താവുന്നതാണ് .
  7. എല്ലാദിവസവും ഉച്ചക്ക് ക്ലാസ് ലീഡര്‍ പ്രസ്തുത ഡയറി ക്ലാസ് ടീച്ചറെ കാണിക്കാനായി സ്റ്റാഫ് റൂമില്‍ വരേണ്ടതും ക്ലാസ് ടീച്ചര്‍ ക്ലാസ് ഡയറി വായിച്ചുനോക്കി വിലയിരുത്തി ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതുമാണ് .
  8. ക്ലാസ് ഡയറിയില്‍ ചിലപ്പോള്‍ അതാത് പിരീഡ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്‍ ക്ലാസിനെക്കുറിച്ചും ക്ലാസിലെ കുട്ടികളെക്കുറിച്ചും എന്തെങ്കിലും കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും . അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പ്രസ്തുത കുറിപ്പിന്റെ മാര്‍ജിനില്‍ Seen എന്നെഴുതി ക്ലാസ് ടീച്ചര്‍ ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതാണ് .
  9. ആഴ്കയില്‍ വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ( അല്ലെങ്കില്‍ ഏതെങ്കിലും ഒരു ദിവസം ) പ്രധാന അദ്ധ്യാപകന്‍ പ്രസ്തുത ക്ലാസ് ഡയറി പരിശോധിച്ച് ഒപ്പുവെക്കേണ്ടതാണ് .
  10. ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും ക്ലാസ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ത മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കേണ്ടതാണ് .

No comments:

Get Blogger Falling Objects